Sunday 15 June, 2014

ഇങ്ങനെയും ഒരു പരൂക്ഷാ....

തിയ്യതി - 13-06-2014

സ്ഥലം - വേല്‍സ് അക്കാദമി, പല്ലാവരം, ചെന്നൈ.

വേദി - ഇന്‍ഫോെടക് ബ്ളോക്കിന്റെ  ഒന്നാം നിലയിലെ അഞ്ചാം നമ്പർ മുറി


സമയം - രാവിലെ 9.10 - ഇന്‍വിജിലേറ്റര്‍ മുറിയിലേക്ക് കടന്നു വരുന്നു. പരീക്ഷ എഴുതാന്‍ 
വന്നവരെല്ലാം പേന, പെന്‍സില്‍, സ്കെയില്‍ തുടങ്ങിയ കിടുതാപ്പുകള്‍ മാത്രം ഡെസ്കിന്‍ മേല്‍ 
എടുത്ത് വെച്ച് ബാഗുകള്‍ ക്ളാസ് റൂമിന് പുറത്ത് കൊണ്ടു വയ്ക്കുന്നു. ചില വിവരദോഷികള്‍ 
മാത്രം അവസാനമായി ഒരിക്കല്‍ കൂടി ബുക്ക് തിരിച്ചും മറിച്ചും നോക്കുന്നു. 
അവരെ നോക്കി ഇത്ര നാളും പഠി യ്ക്കാന്‍ പറ്റാത്തതാണോ ഈ രണ്ടു മിനിറ്റു കൊണ്ടു 
പഠിയ്ക്കുന്നേ എന്ന് ആത്മഗതം ഉരുവിടുന്നു.


9.15 - ക്വൊസ്റ്റ്യന്‍ പേപ്പര്‍ തരുന്നു. ഇതുവരെ ഉണ്ടായിരുന്ന പാറ്റേണില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലുളള ചോദ്യങ്ങള്‍... മനസ്സില്‍ കുറേ ലഡ്ഡുകള്‍ ഒരുമിച്ചു പൊട്ടി... ചോദ്യപേപ്പര്‍ തയ്യാറാക്കിയവരുടെ പൂര്‍വികരെ മനസ്സില്‍ ഓർത്തു.... എന്തൊരു മനഃസുഖം....


9.30 - ആന്‍സര്‍ ഷീറ്റ് തരുന്നു.


9.30-9.45 - ആദ്യപേജിലെ OMR ഭാഗം വളരെ ശ്രദ്ധിച്ച് പൂരി പ്പിയ്ക്കുന്നു. (അത്രയും സമയം 
പോയി കിട്ടുമല്ലോ). 


9.45-9.50 -  മറ്റുള്ളവരുടെ ഭാവങ്ങൾ ശ്രദ്ധിയ്ക്കുന്നു. എല്ലാവരും ----പോയ അണ്ണാനെ പോലെ 
ഇരിയ്ക്കുന്നു..


9.50 - 10.00 - എന്തെങ്കിലും എഴുതേണ്ടെ എന്ന് സ്വയം ഓർമ്മിപ്പിയ്ക്കുന്നു . ചോദ്യങ്ങളെല്ലാം ഒരു 
തവണ കൂടി വായിച്ചു നോക്കുന്നു..ഏതാണ്  ആദ്യം എഴുതേണ്ടതെന്ന കണ്‍ഫ്യൂഷൻ...


10.00 - ഒടുവിൽ കണ്ണടച്ചു പേന കൊണ്ട് ചോദ്യപേപ്പറിൽ കുത്തി. കണ്ണ് തുറന്നു ഏതാ ചോദ്യം 
എന്ന് നോക്കി ആ നമ്പർ പേപ്പറിൽ എഴുതുന്നു. ഒപ്പം ഉത്തരവും...


10.00 - 10.15 - പിന്നെയും രണ്ടു മൂന്ന് ചോദ്യങ്ങൾക്കു വളരെ പതുക്കെ ഉത്തരമെഴുതുന്നു....ഒരാൾ 
വന്നു എല്ലാവർക്കും ഓരോ കുപ്പി വെള്ളം കൊണ്ട് വയ്ക്കുന്നു...


10.15 - 10.20  - കുപ്പി മെല്ലെ തുറന്നു വെള്ളം കുടിയ്ക്കുന്നു..


10.20 - 10.30  ഇന്‍വിജിലേറ്റര്‍ആൻസർ ഷീറ്റിൽ സൈൻ ചെയ്യാനും ബാർ കോഡ് സ്റ്റിക്കർ 
ഒട്ടിയ്ക്കാനും ഓരോ ആളുടെയും അടുത്തു വരുന്നത് നോക്കിയിരിയ്ക്കുന്നു...


10.30 -10.40   - ഇന്‍വിജിലേറ്റര്‍ അടുത്തു വന്നു. ആദ്യ പേജ് ഫിൽ ചെയ്തത് ശരിയല്ലേ എന്ന് 
പരിശോധിച്ച് സൈൻ ചെയ്ത് ബാർ കോഡ് സ്റ്റിക്കർ ഒട്ടിച്ചു പോയി..

10.40  - 10.45  - ബാർ കോഡ് സ്റ്റിക്കറിൽ എന്തൊക്കെയാ പ്രിൻറ് ചെയ്തിരിക്കുന്നത് എന്ന് 
നോക്കുന്നു,..


10.45 - 11.00 - വേറെ ഒരു ചോദ്യത്തിന് കൂടി ഉത്തരമെഴുതുന്നു..


11.00 - 11.05 - കുപ്പി തുറന്നു കുറച്ചു വെള്ളം കൂടി കുടിയ്ക്കുന്നു...കുപ്പിയുടെ മുകളിലെ സ്റ്റിക്കർ 
വിശദമായി പരിശോധിയ്ക്കുന്നു...കാഞ്ചീപുരത്തുള്ള ഒരു ഫാക്ടറിയിലാണ് ബോട്ട്ലിംഗ് എന്ന് മനസിലാക്കുന്നു...


11.05 - 11.15 - ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ട് മുഴുവൻ മനസ്സിൽ പാടി നോക്കുന്നു....


11.15 - 11.20 - ചുറ്റും നോക്കുന്നു...ഓരോരുത്തരുടെ മുഖഭാവം ശ്രദ്ധിയ്ക്കുന്നു...


11.20 - 11.25 - തൊട്ടടുത്തിരിയ്ക്കുന്ന പയ്യനെ നോക്കുന്നു..പാവം ആദ്യമായാണ് ICWA എക്സാം 
എഴുതുന്നത് എന്ന് തോന്നുന്നു..ജീവിതം തന്നെ കോഞ്ഞാട്ടയായ പോലെയുള്ള ഇരിപ്പ്... വേദനിയ്ക്കുന്ന ഒരു ബു.ജി....


11.25  - പത്തു മിനിട്ട് കൂടി കഴിഞ്ഞു എഴുന്നേറ്റു പോകാമെന്ന് തീരുമാനിയ്ക്കുന്നു..പേന 
വെയ്ക്കുന്ന പൌച്ച്  ബെഞ്ചിന്മേൽ നിന്ന് എടുക്കുന്നു..പൌച്ച് നനഞ്ഞിരിയ്ക്കുന്നത് കണ്ട് 
ബെഞ്ചിൽ സൂക്ഷ്മ പരിശോധന നടത്തുന്നു..വേദനിയ്ക്കുന്ന ബു.ജി.വച്ച വെള്ള൦  ബോട്ടിൽ മറിഞ്ഞു വീണ് ബെഞ്ചിൽ ആകെ വെള്ളം..പൌച്ച് മാത്രമല്ല ചുരിദാറിന്റെ ടോപും ഷാളും 
നനഞ്ഞിരിയ്ക്കുന്നു എന്ന സത്യം തിരിച്ചറിയുന്നു..ബു.ജി. സോറി പറയുന്നു..തിരിച്ചു പറയാൻ 
വന്ന മറുപടി മനസ്സിൽ തന്നെ പറഞ്ഞു തീർത്തു ....
ഇനിയെങ്ങനെ ഉടനെ പുറത്തിറങ്ങും. ഡ്രെസ്സിന്റെ ബാക്ക് കണ്ടാൽ പേപ്പർ കണ്ടു പേടിച്ചു മൂത്രമോഴിച്ചതാണെന്നു ആളുകൾ കരുതൂല്ലേ..

ഫാനിന്റെ കാറ്റ് നന്നായി കിട്ടുന്ന സൈഡിലേക്ക് അഡ്ജസ്റ്റ് ചെയ്തിരുന്നു....

11.30 - 11.35 - എന്തായാലും കുറച്ചു നേരം കൂടി ഇരുന്നേ പറ്റൂ..എങ്കിൽ പിന്നെ എന്തെങ്കിലും എഴുതിയാലോ എന്നോർക്കുന്നു ...പക്ഷെ എന്തെഴുതും...അറിഞ്ഞാലല്ലേ ...

ഓഡിറ്റർ - അപ്പന്റോയിന്റ്റ്മെന്റും റിമൂവലും ഒക്കെ സെക്ഷൻ സഹിതം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പഠിച്ചതാ...എന്നിട്ട് ഒരു മാർക്കിന്റെ ഒരു ചോദ്യമെങ്കിലും ഉണ്ടായോ...

അറ്റ കൈയ്ക്ക് ചോദിചില്ലെങ്കിലും അതൊക്കെ എഴുതി വച്ചാലോ എന്ന് കരുതുന്നു..അതൊക്കെ ചോദിയ്ക്കേണ്ടതു അവരുടെ കടമയായിരുന്നു..അതവർ ചെയ്തില്ല എന്ന് കരുതി നമ്മുടെ കടമ നമ്മൾ ചെയാതിരിക്കരുതല്ലോ....

അല്ലെങ്കിൽ പണ്ട് ഡിഗ്രി എക്സാമിനു ചെയ്ത പോലെ ചോദ്യ പേപ്പർ മൊത്തം പകർത്തി വച്ചാലോ എന്നും ആലോചിക്കുന്നു. അന്ന് ഹോട്ടൽ മാനേജ്മെന്റ് പേപ്പറിൽ 40 മാർക്ക് കിട്ടിയതല്ലേ...

അടുത്ത നിമിഷം തന്നെ അത് വേണ്ട എന്ന് വയ്ക്കുന്നു..ഒന്നുമില്ലെങ്കിലും ഇതൊരു പ്രൊഫഷണൽ എക്സാം അല്ലേ അതിന്റെ ഒരു സ്റ്റാൻഡേർഡ് കാണിക്കേണ്ടെ എന്നോർക്കുന്നു....


11.35 - 11.40 - മുന്നിലിരിക്കുന്ന കുട്ടിയുടെ തലയിലെ ക്ലിപ് നോക്കുന്നു..ഇത് കൊള്ളാമല്ലോ...നല്ല ഭംഗിയുണ്ട്... ആ കുട്ടി ഒന്ന് ചുമച്ചു..കുപ്പി തുറന്നു വെള്ളം കുടിക്കുന്നു..ഒരു മിനിട്ടാകുമ്പോഴേക്കും വീണ്ടും ചുമക്കുന്നു...വെള്ളം കുടിക്കുന്നു....ഇതൊരു നാലഞ്ചു തവണ ആവർത്തിക്കുന്നു .....


11.40 - ചുരിദാർ ഉണങ്ങിയോ എന്ന് നോക്കുന്നു..കുറച്ചു കൂടി ഉണങ്ങാനുണ്ട്....ചോദ്യ പേപ്പറിൽ ഒന്ന് കൂടി കണ്ണോടിയ്ക്കുന്നു..

പരിചയം തോന്നിയ ഒരു ചോദ്യത്തിന് ഉത്തരം എഴുതാമെന്ന് കരുതുന്നു...

11.45 - ഉത്തരം എഴുതാൻ തുടങ്ങിയപ്പോൾ ഈ പേന പോര എന്ന് കരുതുന്നു...പൌച്ചിൽ നിന്നും വേറെ പേന എടുക്കുന്നു....

11.45 - 11.50 - സ്വന്തമായി സെക്ഷനും പ്രൊവിഷൻസും കണ്ടുപിടിച്ച് ഉത്തരമെഴുതുന്നു...

11.50 - എഴുതി എഴുതി കൈ കഴഞ്ഞതിനാൽ വിരലുകളിൽ ഞൊട്ടയിടുന്നു....ചുരിദാർ ഉണങ്ങി എന്ന് ഉറപ്പു വരുത്തുന്നു...

11.55 - ഇന്‍വിജിലേറ്റര്‍ ലാസ്റ്റ് 35 മിനിറ്റ്സ് എന്ന് ഉറക്കെ പറയുന്നു.. എന്തു കൊണ്ടോ 3 idiots ലെ എക്സാം ഹാൾ സീൻ ഓർമ്മ വന്നു....

ചിരിക്കാതിരിക്കാൻ കർചീഫ് കടിച്ചു പിടിച്ചു ശ്രമിക്കുന്നു....ബു.ജി.അന്തം വിട്ടു നോക്കുന്നു...വട്ടായോ എന്ന ഒരു ചോദ്യം അങ്ങേരുടെ മുഖത്തുള്ള പോലെ....

12.00 - ഒരു വിധത്തിൽ ചിരിയടക്കി ആൻസർ ഷീറ്റ് ഇന്‍വിജിലേറ്ററിനെ ഏൽപ്പിച്ച് പേനയും അഡ്മിറ്റ്‌ കാർഡും ഐ ഡി കാർഡും എടുത്ത് പുറത്തിറങ്ങുന്നു...



വാൽക്കഷ്ണം 

ഏകദേശം 9 വർഷങ്ങൾക്കു ശേഷമാണ് ഒരു എക്സാം എഴുതാൻ പോകുന്നത്...മറ്റു പിള്ളേർ ഒറ്റക്കൈയിൽ താങ്ങാനാവാത്ത വലിയ റ്റെക്സ്റ്റും പിടിച്ചു നടക്കുന്ന കണ്ടപ്പോൾ മക്കളെ ഇതൊക്കെ ആരംഭ ശൂരത്വമാണേ എന്ന് മനസ്സിൽ പറഞ്ഞു...നമ്മളിതെത്ര ജൂണ്‍ - ഡിസംബർ കണ്ടതാ....

തിരിച്ചു വരുമ്പോൾ രാജമാണിക്യത്തിലെ ഡയലോഗ് ഓർത്തു 

"ICWA പുലിയാണ് കേട്ടാ ....ഇനീം ഒരു വരവു കൂടെ വരേണ്ടി വരും...." (ഒന്നിൽ നിന്നാ മതിയായിരുന്നു)







Wednesday 4 June, 2014

ചെറിയൊരു നോസ്റ്റാൾജിക് ഫീലിംഗ്

ഒരു കാലമുണ്ടായിരുന്നു....

ഭാവിയെക്കുറിച്ച് ആശങ്കകളില്ലാതെ...
പൂക്കളോടും അണ്ണാറക്കണ്ണനോടും കളി പറഞ്ഞ്....
കൂട്ടുകാരോടൊപ്പം സ്കൂളിലേക്കും തിരിച്ചും പതിയെ നടന്ന്... 
ഇടവപ്പാതിയിൽ നിറഞ്ഞു കിടക്കുന്ന പാടത്തിന്റെ വരമ്പിലൂടെ വഴക്ക് കേൾക്കുവോളം നടന്ന്...
കുളത്തിൽ മതി വരുവോളം നീന്തിക്കുളിച്ച്...
അടുത്തുള്ള അമ്പലത്തിൽ തൊഴുത്‌...
കൊയ്തു വച്ച കറ്റകൾക്കിടയിലൂടെ അമ്മയുടെ ശകാരം വക വയ്ക്കാതെ ഓടി നടന്ന്...
പത്തായപ്പുരയിൽ നെല്ല് പുഴുങ്ങുമ്പോൾ ആ ഗന്ധവും ആസ്വദിച്ച്...
വയറു നിറയെ മാമ്പഴവും പിന്നെ ഉപ്പും മുളകും കൂട്ടി പച്ച മാങ്ങയും കഴിച്ച്....

പിന്നെ കുറച്ച് കൂടി വളർന്നപ്പോൾ ആ ബാല്യ കൌതുകങ്ങൾ പലതും പുതുമയില്ലാത്തതായി...

പിന്നെ കോളേജ്...
ഒരു പാട് സുഹൃത്തുക്കളെ നേടി തന്ന കലാലയം....
ജീവിതത്തിലെ ഏറ്റവും മധുരം നിറഞ്ഞ ദിനങ്ങൾ......
ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അന്ന് അറിയാതെ പോയ നിമിഷങ്ങൾ....

ഒരു ഡിഗ്രിയുമായി ക്യാമ്പസിന് പുറത്തേക്കിറങ്ങുമ്പോൾ എന്തായിരുന്നു മനസ്സിൽ...

ഉപരി പഠനം... എത്രയും പെട്ടെന്ന് ഒരു ജോലി..മനസ്സിലെ പ്രണയത്തിനു വീട്ടുകാരുടെ അനുവാദം...

മാസത്തിൽ ഒരു തവണയെങ്കിലും ഗുരുവായൂരപ്പന്റെ നടയിൽ നിന്നും തൊഴണം....

കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ കടന്നു പോകുന്നതിനിടയിൽ എന്തൊക്കെ .സംഭവിച്ചു...

മനപ്പൂർവമല്ലെങ്കിലും പല സൌഹൃദങ്ങളും പാതി വഴിയിൽ മുറിഞ്ഞു പോയി...

ഏറ്റവും കൂടുതൽ ഗുരുവായൂരപ്പന്റെ മുന്നിൽ പ്രാർഥിച്ച പോലെ വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ ആ തിരുനടയിൽ വച്ച് തന്നെ പ്രണയസാക്ഷാത്കാരം...

അതിജീവനത്തിനു വേണ്ടി തിരഞ്ഞെടുക്കേണ്ടി വന്ന പ്രവാസ ജീവിതം...

കൊച്ചു കൊച്ചു പിണക്കവും ഇണക്കവും ഇഴ നെയ്ത ജീവിതത്തിന്  ശരിയായ് അർത്ഥവും ദിശയുമേകി കൊണ്ട് വിരിഞ്ഞ രണ്ട് കുരുന്നു പൂക്കൾ...

ഇതിനിടയിലെപ്പോഴാണ്  ജീവിതവും യാന്ത്രികമായത്..അറിയില്ല...ചുവരിൽ തറച്ച ക്ലോക്കിലെ കറങ്ങുന്ന സൂചികൾക്കൊപ്പം ചിട്ടയൊപ്പിച്ച ദിനരാത്രികൾ...

ആശിച്ചു കിട്ടുന്ന വിരലിലെണ്ണാവുന്ന വെക്കേഷൻ നാട്ടിൽ ചിലവഴിച്ച് കണ്ണടച്ചു തുറക്കും മുൻപേ തീരുമ്പോൾ തിരിച്ചു വരുന്ന നേരത്ത് മോളുടെ നിറയുന്ന കണ്ണുകൾ കണ്ടില്ലെന്നു നടിച്ച്...വീട്ടിൽ ചെന്നിട്ടു ചെയ്തു തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് മനപ്പൂർവം ആലോചിച്ച്....

പക്ഷെ പണ്ട് ഗുരുവായൂരപ്പന്റെ മുൻപിൽ നിന്നും പ്രാർഥിച്ചതിനും സ്വപ്നം കണ്ടതിനും എത്രയോ മേലെയാണ് ഈ ജീവിതം...പറയത്തക്ക അല്ലലുകളില്ലാതെ....

ഇന്ന് പാതിയിൽ മുറിഞ്ഞു പോയ പല സൌഹൃദങ്ങളും സോഷ്യൽ മീഡിയയുടെ സഹായത്താൽ വിളക്കി ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്..

എന്നാലും തിരിഞ്ഞു നോക്കുമ്പോൾ എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപെടുന്നുണ്ടോ....ഉണ്ടായിരിക്കാം.. പക്ഷെ അതൊക്കെ ആലോചിക്കാൻ എവിടെ നേരം അല്ലേ...