Monday 18 January, 2010

എന്റെ സാഹസിക യാത്രകള്‍ - 3

അങ്ങനെ റിട്ടെണ്‍ ടെസ്റ്റും കഴിഞ്ഞു. അടുത്ത രണ്ടു റൌണ്ട്സ് HR റൌണ്ട്സ് ആണ് എന്ന് അറിയിപ്പ് കിട്ടി. പക്ഷെ അതാണെങ്കില്‍ കമ്പനിയുടെ അമ്പത്തൂര്‍ ഓഫീസില്‍ വെച്ചാണ്. ഒന്നോ രണ്ടോ തവണ ആ വഴി ബസ്സില്‍ പോയിട്ടുണ്ടെന്നല്ലാതെ സ്ഥലത്തെ പറ്റിയൊന്നും അറിയില്ല. എവിടെ ആയാലെന്താ വായില്‍ നാക്കുളളപ്പോള്‍ ഭയമെന്തിനു എന്നതാണല്ലോ നമ്മുടെ പോളിസി. അങ്ങനെ അവിടെ നിന്നും അഡ്രസ്സും വാങ്ങി ബസ്‌ സ്റ്റോപ്പില്‍ ചെന്ന് നിന്നപ്പോഴാണ് ആ മാറാവ്യാധി പിന്നെയും വന്നു എന്ന ഭീകര സത്യം മനസ്സിലായത് - "വിശപ്പ്‌".

ഒരു നാരങ്ങാ വെള്ളമെങ്കിലും കുടിക്കാമെന്ന് വച്ചാല്‍ ഒരു പെട്ടിക്കട പോലുമില്ല എവിടെയും. ബസ്‌ സ്റ്റോപ്പിന്റെ പുറകില്‍ അല്പം മാറി ഗ്ലാസ്സിട്ട ഒരു ഷോ റൂം കണ്ടപ്പോള്‍ ആദ്യം കരുതിയത്‌ ഐസ് ക്രീം പാര്‍ലര്‍ ആണെന്നാണ്. ഒന്ന് കൂടി നോക്കിയപ്പോഴാണ് മനസ്സിലായത് ഏതോ മൊബൈല്‍ ഷോ റൂം ആണെന്ന്. വിശന്നിട്ടു കണ്ണ് കാണാതായി.. രാവിലെ നാല് ഇഡഡലിയും കഴിച്ചു ഇറങ്ങിയതാണ്.

പെട്ടെന്ന് പിന്നില്‍ നിന്നും ഒരു കിളി (?) നാദം :- "നീങ്കളും നെക്സ്റ്റ് റൌണ്ടിലേക്ക് സെലക്ട്‌ ആയിട്ടിങ്കളാ"

ഹാ ഇതാര് നമ്മുടെ പഴയ കക്ഷി funeral -ന്റെ അര്‍ഥം അറിയാത്ത അതെ കൂട്ടുകാരിയല്ലേ ... കക്ഷിയും സെലക്ട്‌ ആയിരിക്കുന്നു. കൊള്ളാം.. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ വേറൊരു പയ്യന്‍സ് കൂടെ വന്നു.

അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കൂടി പരസപരം പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ കൂട്ടുകാരി അവളുടെ ടെസ്റ്റ്‌ പേപ്പറും ബയോ ടാറ്റയുമെല്ലാം എന്റെ കയ്യിലുണ്ടായിരുന്ന കവറില്‍ വയ്ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ചേതമില്ലാത്ത ഉപകാരമല്ലേ എന്ന് കരുതി ഞാന്‍ അത് വാങ്ങി എന്റെ കവറില്‍ നിക്ഷേപിച്ചു.

അധികനേരം കത്ത് നില്‍കേണ്ടി വന്നില്ല. ബസ്‌ വന്നപ്പോള്‍ ഞാന്‍ ചാടിക്കയറി. തിരിഞ്ഞു നോക്കുമ്പോള്‍ മറ്റേ രണ്ടു കക്ഷികളും ബസ്‌ സ്റ്റോപ്പില്‍ തന്നെ വായും പൊളിച്ചു ബ്ലിങ്ങസ്സ്യാ എന്ന് നില്‍ക്കുന്നു. അപ്പോഴേക്കും ബസ്സും നീങ്ങി തുടങ്ങി. ഞാനാണെങ്കില്‍ ഇറങ്ങണോ കയറണോ എന്ന കണ്‍ഫ്യൂഷനില്‍ ഫുട്ബോര്‍ഡില്‍ തന്നെ നിന്നു. കണ്ടക്ടര്‍ വന്നു എന്തോ നോക്കി കൊണ്ട് നില്‍ക്കുവാ ഇങ്ങോട്ട് കയറു കൊച്ചെ എന്ന് പറയുന്നത് വരെ.

കാര്യം അവരെപ്പോള്‍ വേണെമെങ്കിലും പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തോട്ടെ. പക്ഷെ ആ കക്ഷിയുടെ സര്‍ട്ടിഫിക്കറ്റും കുന്തവുമെല്ലാം എന്റെ കയ്യിലായിപ്പോയല്ലോ. അതിനി എന്തോ ചെയ്യും? അപ്പോഴാണ് കയ്യിലുള്ളത് ആ കൊച്ചിന്റെ ബയോ ടാറ്റ ആണല്ലോ അതില്‍ നമ്പര്‍ കാണുമല്ലോ എന്ന് കത്തിയത്. ഉടനെ ആ നമ്പറില്‍ വിളിച്ചു - രണ്ടു പ്രാവശ്യവും റിംഗ് മുഴുവനായതല്ലാതെ ഒന്നും സംഭവിച്ചില്ല. പക്ഷെ ഞാനാരാ മോള്‍ - വീണ്ടും വിളിച്ചു. എന്തായാലും ഇത്തവണ റിംഗ് കഴിയുന്നതിനു മുന്‍പ് എടുത്തു.

അപ്പോഴോ.. ക ച്ച്ക് ക്ളിറ്റ് എന്നൊക്കെ കുറെ ശബ്ദമല്ലാതെ ഒന്നും കേള്‍ക്കാനില്ല. ഒടുവില്‍ കട്ട്‌ ചെയ്തു - യുവര്‍ സര്‍റ്റിഫിക്കറ്റ് ഈസ്‌ വിത്ത്‌ മി. വില്‍ സീ യു ഇന്‍ ദി ബസ്‌ സ്റ്റോപ്പ്‌ എന്നൊരു മെസ്സേജ് അയച്ചു. എന്തായാലും അതിനു ഓക്കേ വീ ആര്‍ ഇന്‍ ദി നെക്സ്റ്റ് ബസ്‌ ഇറ്സെല്ഫ് എന്നൊരു മറുപടി കിട്ടി.

പറഞ്ഞ പോലെ തന്നെ ഞാന്‍ അമ്പത്തൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ ചെന്ന് ഒരു ബദാം മില്‍ക്കും കഴിച്ചു കഴിഞ്ഞപ്പോഴേക്കും അവരെത്തി. ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും അഞ്ചു മിനിറ്റ് തികച്ചു നടക്കേണ്ട ഓഫീസിലേക്ക്.

അവിടെ ചെന്നപ്പോള്‍ ഒരു സാമ്പിള്‍ വെടിക്കെട്ടിനുള്ള ആളുകള്‍ അവിടെയും ഉണ്ട്. പേരും നാളുമെല്ലാം ഒരു സ്ലിപ്പില്‍ എഴുതി കൊടുത്തു കാത്തിരുന്നു. ഒടുവില്‍ 3 മണി കഴിഞ്ഞപ്പോള്‍ പേര് വിളിച്ചു.

ആഹ ഇന്റര്‍വ്യൂ ചെയ്യാന്‍ ഒരേ ഒരു ആള്‍ മാത്രം അതും നല്ലൊരു സുന്ദരക്കുട്ടന്‍. .. കല്യാണം കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

പതിവുപോലെ സ്ഥിരം ചോദ്യങ്ങളും ഉത്തരവുമെല്ലാം കഴിഞ്ഞപ്പോള്‍ എന്ത് കൊണ്ടാണ് ഈ കമ്പനി തെരഞ്ഞെടുത്തത് എന്നൊരു ചോദ്യം .. ഞാന്‍ വിടുമോ സത്യസന്ധമായി തന്നെ ഉത്തരവും പറഞ്ഞു.

അങ്ങനെ തിരഞ്ഞെടുത്തതൊന്നുമല്ല ടീം ലീസില്‍ നിന്നും കിട്ടിയ ആദ്യത്തെ ഓഫര്‍ ആണ്. അത് കൊണ്ടാണ് എന്ന്.

പാവം സുന്ദരക്കുട്ടന്‍ .. ഈ കമ്പനിയില്‍ ജോലി ചെയ്യുക എന്നത് എന്റെ അന്ത്യഭിലഷമാണ് എന്ന് പറയും എന്ന് കരുതിയിരുന്ന അങ്ങേര്‍ എന്റെ ഉത്തരം കേട്ട് ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ അടുത്ത ചോദ്യം

ഈ കമ്പനിയെ കുറിച്ച് എന്തറിയാം?

സോറി സര്‍ ഒന്നുമറിയില്ല ടീം ലീസില്‍ കാള്‍ സെന്റര് എന്നല്ലാതെ ഒന്നും പറഞ്ഞിരുന്നില്ല.

അതോടെ അങ്ങോര്‍ക്ക് സംശയമായിക്കാണും ഞാന്‍ കളിയാക്കുകയാണോ എന്ന്.

എന്തായാലും ജോലിയെപ്പറ്റി ചെറുതായി ഒരു വിവരണം തന്നു - എനിയ്ക്ക് വിളിക്കേണ്ടി വരുക കേരളത്തിലെ കസ്റ്റമര്‍സിനോടാണത്രെ. കൊള്ളാം .. അപ്പോള്‍ പിന്നെ ഭാഷയുടെ പ്രശ്നവുമില്ല....

"പക്ഷെ അതിനു മുന്‍പ് എനിയ്ക്ക് നിങ്ങളുടെ മലയാള ഭാഷാ പരിചയം എത്രയുണ്ട് എന്ന് അറിയണം. അത് കൊണ്ട് കേരളത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? മലയാളത്തില്‍ പറയൂ."

ഓ.. പിന്നേ... കേരളത്തില്‍ ജനിച്ചു 26 വര്‍ഷങ്ങള്‍ അവിടെ തന്നെ ജീവിച്ച എന്നോടാണോ ഇതു പറയുന്നത്

തൊണ്ടയൊന്നു ശരിയാക്കി ഞാന്‍ തുടങ്ങി - "ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്. വളരെ മനോഹരമായ ഭൂപ്രദേശങ്ങളും മലകളും നദികളും കൂടാതെ ശാന്തരും സമാധാനപ്രിയരുമായ ജനങ്ങളും എല്ലാമുള്ള ഒരു നാടിനു ദൈവത്തിന്റെ നാട് എന്ന പേര് ശരിക്കും ചേരുന്നതാണ്. ഇത്രയും മതസൌഹാര്‍ദതയുള്ള ആളുകള്‍ വേറെ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്. വിദ്യാഭാസത്തിന്റെ ..."

"മതി മതി .. "

ഛെ .. ഒന്ന് മര്യാദയ്ക്ക് നേരെ ചൊവ്വേ എന്തെങ്കിലും ഒന്ന് പറയാന്‍ പോലും ഇങ്ങേര്‍ സമ്മതിക്കില്ലല്ലോ.

അഞ്ചു നിമിഷം പുറത്തു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നെ അരമനിക്കൂറിനൊടുവില്‍ ഞാനടക്കം കുറച്ചു പേരുടെ പേര് വിളിച്ചു ഇനി ലാസ്റ്റ് റൌണ്ട് ആണ് . പക്ഷെ അത് ടി നഗര്‍ ഓഫീസില്‍ വച്ചാണ് എന്നറിയിച്ചു. വേണമെങ്കില്‍ ഇന്ന് തന്നെ പോകാം . അല്ലെങ്കില്‍ നാളെ രാവിലെ 11 മണിക്ക്.

കുഴഞ്ഞില്ലേ.. അപ്പോള്‍ തന്നെ മണി നാല് കഴിഞ്ഞു. ഇനി ബസ്‌ പിടിച്ചു ടി നഗര്‍ എത്തുമ്പോഴേക്കും അവിടെയുള്ളവരെല്ലാം ജോലിയും കഴിഞ്ഞു വീട്ടില്‍ പോയിട്ടുണ്ടാവും. നാളെയും മോളെ നോക്കാന്‍ ആന്റിയോട്‌ പറയണമല്ലോ എന്ന് വിഷമിച്ചി രിക്കുമ്പോഴാണ് നവി ലീവ് എടുക്കാം നാളെ മോളെയും കൊണ്ട് പോകാമെന്ന് പറഞ്ഞത്,

പിറ്റേന്ന് ടി നഗര്‍ പോയി .. ഇത്തവണ പ്രത്യേകിച്ചു ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല. വില പേശല്‍ മാത്രം.

ഒടുവില്‍ രണ്ടു കൂട്ടര്‍ക്കും സ്വീകാര്യമായ ഒരു വില ഉറപ്പിച്ചു. അടുത്ത ആഴ്ച ജോയിന്‍ ചെയ്യാനുള്ള ഓഫര്‍ ലെറ്ററും വാങ്ങി തിരികെ വീട്ടിലേക്കു യാത്രയാകുമ്പോള്‍ ഓര്‍ത്തു -

അങ്ങനെ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഔദ്യോഗിക ജീവിതം പുനരാരംഭിക്കാന്‍ തുടങ്ങുന്നു - പുതിയൊരു താവളത്തില്‍ പുതിയൊരു വേഷത്തില്‍....