Monday 14 December, 2009

എന്റെ സാഹസിക യാത്രകള്‍ - 2

ആദ്യത്തെ സാഹസിക യാത്ര വിജയകരമായി പര്യവസാനിച്ചതിന്റെ ത്രില്ലില്‍ കഴിയുന്ന കാലം. ഇനി എങ്ങോട്ട് എന്ന് ചിന്തിച്ചിരിക്കുന്ന കാലത്തിങ്കലാണ് അത് സംഭവിച്ചത്. ഇതാണ് സംഭവാമി യുഗേ : യുഗേ എന്ന് പറയുന്നത് . അതായതു വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നും പറയാം.



നവിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ചെന്നൈ ട്രേഡ് സെന്ററില്‍ നടന്നിരുന്ന ജോബ്‌ ഫെയറിനു പോയത് . അവിടെ വച്ചാണ് ടീം ലീസിന്റെ എക്സിക്യൂട്ടീവിനു ബയോഡാറ്റ കൈമാറിയത്. എന്തായാലും എന്റെ ബയോഡാറ്റ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു എന്ന പോലെ അവര്‍ ഉടനെ തന്നെ അടുത്ത ബുധനാഴ്ച ഇന്റര്‍വ്യൂവിനു വന്നു കൊള്ളാന്‍ പറഞ്ഞു. കൂടെ തൃശൂര്‍ മദര്‍ ഹോസ്പിറ്റലില്‍ ടോക്കണ്‍ നമ്പര്‍ കുറിച്ച് തരുന്ന പോലെ ഒരു കൊച്ചു കടലാസ്സു തുണ്ടില്‍ ഇന്റര്‍വ്യൂ ഡേറ്റ്, സമയം, കാണേണ്ട ആളുടെ പേര്, മൊബൈല്‍ നമ്പര്‍ ഇത്യാദികള്‍ രേഖപ്പെടുത്തി തന്നു. ഒപ്പം ഒരു അറിയിപ്പും. ആ കൊച്ചു കടലാസ്സിന്റെ മറുപുറത്ത് അവരുടെ അഡ്രസ്‌ ഉണ്ട്.

അന്ന് അമ്മയും അച്ചനുമെല്ലാം നാട്ടിലാണ്. ഇന്റര്‍വ്യൂവിനു പോകണോ വേണ്ടയോ പോകണോ വേണ്ടയോ പോകണോ വേണ്ടയോ പോകണോ വേണ്ടയോ എന്ന് കണ്‍ഫ്യൂഷിച്ചു കണ്‍ഫ്യൂഷിച്ചു
ഒടുവില്‍ പോകാം എന്ന് തന്നെ തീരുമാനിച്ചു. നവി ഓഫീസിലേക്ക് പോയ ശേഷം വേഗം തന്നെ എല്ലാ പണികളും തീര്‍ത്തു മോളെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തു തൊട്ടുള്ള ആന്റിയുടെ അടുത്താക്കി. പതിനൊന്നു മണിക്കാണ് ഇന്റര്‍വ്യൂ. അത് കഴിഞ്ഞു എന്തായാലും രണ്ടു മണിക്ക് മുന്‍പേ വീട്ടിലെത്താം പറ്റും. എന്നാലും എങ്ങാനും വൈകിയാലോ എന്ന് കരുതി മോള്‍ക്ക്‌ ഉച്ചയ്ക്ക് വേണ്ട ചോറും കൂട്ടാനും കൂടി ആന്റിയെ ഏല്‍പ്പിച്ചാണ് പോയത്. (അതെത്ര ഭാഗ്യമായെന്നു പിന്നീടു തോന്നി)

ടി നഗര്‍ ആണ് ടീം ലീസിന്റെ ഓഫീസ്. എന്നെ സംബന്ധിച്ചിടത്തോളം അന്നൊക്കെ ടി നഗര്‍ എന്നാല്‍ Pothys , ചെന്നൈ സില്‍ക്സ്, നല്ലി സില്‍ക്സ്, ശരവണ സ്റ്റോര്‍സ്, GRT തങ്ക മാളികൈ (അത് തന്നെ നമ്മുടെ സ്വര്‍ണക്കട) എന്നിവയൊക്കെ ആയിരുന്നു. ടീം ലീസ് ഉള്ളത് ഏതോ ഒരു ടി പി റോഡ്‌, വാണി മഹലിനു എതിര്‍ വശം . ബസ്സില്‍ പോയി ടി നഗര്‍ ബസ്‌സ്റ്റാന്റില്‍ ഇറങ്ങി അവിടെ നിന്നും ഒരു ഓട്ടോ വിളിച്ചു പോകാമെന്നായിരുന്നു പ്ലാന്‍. പതിനൊന്നു മണിക്ക് ഇന്റര്‍വ്യൂ ഹാളില്‍ ഇരിക്കേണ്ട ഞാന്‍ ബസ്സില്‍ പാതി വഴിയില്‍ ട്രാഫിക്കില്‍ പെട്ടിരിക്കുകയായിരുന്നു. ഒടുവില്‍ വള്ളുവര്‍ കോട്ടം സിഗ്നല്‍ കഴിഞ്ഞു ബസ്‌ മുന്നോട്ടു പോകുന്നതിനിടയില്‍ റോഡ്‌ സൈഡിലെ ഒരു കടയുടെ മുകളിലത്തെ ബോര്‍ഡില്‍ ഇങ്ങനെ കണ്ടു - തിരുമലൈ പിള്ളൈ റോഡ്‌. ഓ അപ്പോള്‍ തിരുമലൈ പിള്ളൈ റോഡ്‌ ആണ് നമ്മുടെ ടി പി റോഡ്‌. തിരക്കിനിടയില്‍ വായിച്ചതു തിരുമാലി പിള്ളൈ എന്നായിരുന്നു.

അപ്പോള്‍ മനസ്സില്‍ തോന്നിയത് എന്നാലും എന്റെ കള്ള പിള്ളേ നീ കേരളത്തില്‍ നിന്നും ഇവിടെ വന്നിട്ടും കൈയ്യിലിരിപ്പ്‌ കാരണം ഈ നാട്ടുകാര്‍ പോലും നിന്നെ തിരുമാലി എന്ന് വിളിക്കണമെങ്കില്‍ എന്ത് മാത്രം കുരുത്തക്കേട്‌ നീ കാണിച്ചിരിക്കണം എന്നാണ്. പിന്നെ കുറെ ആലോചിച്ചപ്പോഴാണ് തിരുമാലി ആവില്ല തിരുമലൈ ആകുമെന്ന് മനസിലായത്.

ആ റോഡിലേക്ക് കയറിയപ്പോള്‍ മുതല്‍ ഒടുക്കത്തെ ട്രാഫിക്‌ ആയിരുന്നു. സമയം പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. ഇന്ന് ഞാന്‍ അവിടെ എത്തുമ്പോഴേക്കും എന്തായാലും ഇന്റര്‍വ്യൂ മാത്രമല്ല വൈകീട്ട് ഓഫീസ് വരെ പൂട്ടി ചാവിയും കക്ഷത്ത് വച്ച് എല്ലാവരും പോയിക്കാണും എന്ന്.കഷ്ടി ഒരു മണിക്കൂറോളം ഒരു സ്ഥലത്ത് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥയില്‍ നിന്നും പെട്ടെന്ന് ബസ്‌ നീങ്ങി തുടങ്ങിയപ്പോഴാണ് ഞാന്‍ കണ്ണിനു കുളിരേകുന്ന ആ കാഴ്ച കണ്ടത്.

അത് വരെ ബസ്‌ നിന്നിരുന്നതിന്റെ തൊട്ടടുത്ത ബില്‍ടിങ്ങിന്റെ മുകളില്‍ ഒരു ബോര്‍ഡ്‌ - ടീം ലീസ്. അയ്യോ എനിയ്ക്കിവിടെ ഇറങ്ങണം എന്ന് വിളിച്ചു പറയലും ഒറ്റ ചാട്ടത്തിനു ഫുട് ബോര്‍ഡിലും അടുത്ത ചാട്ടത്തിനു ആ ബില്‍ഡിംഗ്‌ കോംമ്പൌണ്ടിലും എത്തി. അതിനിടയില്‍ ബസിലുണ്ടായിരുന്ന ഭൂരിപക്ഷം ആളുകളും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, ഇത്ര നേരം പിന്നെ എന്തോ എടുക്കുകയായിരുന്നു എന്നോ മറ്റോ. ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോയില്ല. അല്ലെങ്കിലും എനിയ്ക്കങ്ങനെ മറ്റുള്ളവര്‍ തമ്മില്‍ തമ്മില്‍ പറയുന്നത് കേള്‍ക്കാന്‍ പണ്ടേ ഇഷ്ടമല്ല. നമുക്ക് വേറെ എന്തൊക്കെ പണിയുണ്ട്. ആളുകള്‍എങ്ങനാ പറയാതിരിക്കുക ഒരു മണിക്കൂറോളമായി ആ ബസ്‌ അവിടെ നില്ക്കാന്‍ തുടങ്ങിയിട്ട്. അപ്പോഴൊന്നും ഇറങ്ങാതെ ഒടുവില്‍ ബസിനു അനക്കം വച്ച് തുടങ്ങുമ്പോള്‍ ചാടി ഇറങ്ങിയാല്‍ പിന്നെ ആരായാലും പറഞ്ഞു പോകില്ലേ.


നേരെ കണ്ട വാതില്‍ തുറന്നു തന്ന സെക്യൂരിറ്റി അണ്ണാച്ചിയെ മൈന്‍ഡ് ചെയ്യാതെ ഉള്ളില്‍ പോയി. നിറയെ ആളുകള്‍ .. ഓ സമാധാനമായി എന്തായാലും ഇന്റര്‍വ്യൂ കഴിഞ്ഞിട്ടില്ല. ആദ്യം കണ്ട ഡിസ്കിന്റെ പുറകിലിരുന്ന  ചേട്ടനെ നോക്കി നന്നായൊന്നു ചിരിച്ചു കൊണ്ട് കാര്യം പറഞ്ഞു. ചേട്ടന്റെ മറുപടി കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടിപ്പോയി. ഇന്റര്‍വ്യൂവോ എന്ത് എപ്പോള്‍ എവിടെ എന്നൊക്കെ ഇങ്ങോട്ട് കുറെ ചോദ്യങ്ങള്‍. ഒന്ന് ചുറ്റും കണ്ണോടിച്ചപ്പോള്‍ എന്തോ ഒരു പന്തികേട്‌ തോന്നി. ടീം ലീസിന്റെ ഓഫീസ് അല്ലെ എന്ന് മുഴുമിപ്പിക്കും മുന്‍പേ ആ ചേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു;"മക്കളെ ഇതു സിറ്റി ഫിനാന്‍ഷ്യലിന്റെ ഓഫീസ് ആണ് ടീം ലീസിന്റെ മുകളിലത്തെ നിലയിലാണ്. അവിടെക്കുള്ള വഴി പുറത്തിറങ്ങി സൈഡില്‍ ഉണ്ട്." ചമ്മല്‍ പുറത്തു കാട്ടാതെ ഞാന്‍ പുറത്തേക്കിറങ്ങി. ഇപ്പോഴും വാതില്‍ തുറന്നു തന്ന അണ്ണാച്ചിയെ മൈന്‍ഡ് ചെയ്തില്ല. അല്ല പിന്നെ .. ഹും ഞാനാരാ മോള്‍.

എന്തായാലും ചപ്പടാച്ചി ലിഫ്ടിലും കയറി മുകളിലെത്തിയപ്പോള്‍. .. സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി... ഒരു സാമ്പിള്‍ വെടിക്കെട്ടിനുള്ള ആളുകള്‍. വീണ്ടും അബന്ധം പറ്റാതിരിക്കാന്‍ ആദ്യമേ ശരിയായ സ്ഥലം തന്നെയല്ലേ എന്ന് ഉറപ്പാക്കി.

റിസപ്ഷന്‍ ഇരുന്നിരുന്നത് ഒരു ഭൂലോക രംഭ (എന്ന് അവള്‍ സ്വയം കരുതുന്നു. പിന്നെ രംഭമാരെല്ലാം കാണാന്‍ ഇങ്ങനെയാണെങ്കില്‍ ദേവേന്ദ്രനെയെല്ലാം സമ്മതിക്കണം എന്റമ്മോ.) ആണ്. വരുന്നവരെല്ലാം അവള്‍ക്കു എന്തോ കാണിക്ക അര്‍പ്പിച്ചതിനു ശേഷമാണ് സോഫയില്‍ ചെന്നിരിക്കുന്നത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് കാണിക്കയല്ല അന്ന് ട്രേഡ് സെന്റെറില്‍ വച്ച് തന്ന ആ കൊച്ചു കടലാസ്സ് തുണ്ടാനെന്നു. അതില്‍ ഏതു HR എക്സിക്യൂട്ടീവ് ആണ് ഇന്റര്‍വ്യൂ ചെയ്യുന്നത് എന്ന് കൂടി ഉണ്ടായിരുന്നല്ലോ. ബാഗില്‍ ആദ്യം തപ്പിയപ്പോള്‍ കിട്ടിയത് ചുരുട്ടി മടക്കിയ ബസ്‌ ടിക്കറ്റ്‌. വിശദമായ പരിശോധനയ്ക്കൊടുവില്‍ അത് കിട്ടി. വേഗം രംഭയുടെ കയ്യില്‍ കൊണ്ട് കൊടുത്തു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഞാനുള്‍പ്പടെ 6 പേരോട് ഉള്ളില്‍ പൊയ്ക്കോളാന്‍ പറഞ്ഞു.


പച്ച ഈര്‍ക്കിലിയ്ക്ക് ജീന്‍സും ടോപുമിടീച്ചു മുകളില്‍ ഒരു മുച്ച്ചിങ്ങ കുത്തി വച്ച പോലത്തെ സുന്ദരിയായ ഒരു പെങ്കൊച്ചു ഞങ്ങളെയും കത്ത് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആദ്യമേ തന്നെ വേക്കന്‍സി ഒരു കാള്‍ സെന്റെരിലെക്കണെന്നും അമ്പത്തൂര്‍ ആണ് ഓഫീസ് എന്നും പറഞ്ഞു. താല്പര്യമില്ലാത്തവര്‍ക്ക് ഇപ്പോള്‍ പോയി പിന്നെ അവര്‍ അറിയിക്കുന്ന ദിവസം വേറൊരു ഇന്റര്‍വ്യൂവിനു വന്നാല്‍ മതി എന്ന് പറഞ്ഞു. പക്ഷെ ഞങ്ങളാരും ഇരുന്നിടത്ത് നിന്നും അനങ്ങിയില്ല. എനിക്കാണെങ്കില്‍ അമ്പത്തൂര്‍ എന്ന് കേട്ടപ്പോള്‍ തന്നെ സമാധാനമായി. കാരണം ഞാന്‍ താമസ്സിക്കുന്നിടത്ത് നിന്നും അര മണിക്കൂര്‍ യാത്ര ചെയ്യാനുള്ള ദൂരമേയുള്ളൂ.


ആദ്യ റൌണ്ട് ഗ്രൂപ്പ്‌ ഡിസ്കഷന്‍. സബ്ജെക്റ്റ് കേട്ടപ്പോള്‍ സന്തോഷം കൊണ്ട് എനിയ്ക്കിരിക്കാന്‍ വയ്യേ എന്നുറക്കെ പാടാന്‍ തോന്നി. മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും. മൂന്നര വര്ഷം ഐഡിയ മൊബൈലില്‍ വര്‍ക്ക്‌ ചെയ്ത എന്നോടോ കളി എന്ന മട്ടില്‍ ഞാന്‍ തുടങ്ങി. അര മണിക്കൂറിനു ശേഷം റിസള്‍ട്ട്‌ വന്നപ്പോള്‍ 2 പേര്‍ അടുത്ത റൌണ്ടിലേക്ക് കടന്നിരുന്നു. ഞാനായിരുന്നു ഫസ്റ്റ് (ഓ എന്നെക്കൊണ്ട് ഞാന്‍ തോറ്റു.....)അങ്ങനെ വേറെയും ബാച്ചില്‍ നിന്നും ഇതു പോലെ സെക്കന്റ്‌ റൌണ്ടിലേക്ക് കടന്ന കുറെ പേരുടെ കൂടെ റിട്ടെണ്‍ ടെസ്റ്റ്‌. എന്റെ അടുത്ത് ഒരു പെങ്കൊച്ചുണ്ടായിരുന്നു. 10 -15 മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്നതെയുള്ളൂ ടെസ്റ്റ്‌. അതിനു പോലും ആ കൊച്ചു അരമണിക്കൂറിലേറെ നേരമിരുന്നു കഷ്ടപെടുന്നത് കണ്ടപ്പോള്‍ സഹതാപം തോന്നി. അതിനിടയില്‍ ഒരു ചോദ്യത്തിന് എന്നോട് സംശയം ചോദിക്കുകയും ചെയ്തു. വേറെ ഒന്നുമല്ല funeral എന്നതിന്റെ അര്‍ഥം എന്താണെന്നു. അത് പോലും അറിയാതെ പിന്നെ നീയൊക്കെ എന്തിനാടി കാള്‍ സെന്ററില്‍ വര്‍ക്ക്‌ ചെയ്യുന്നത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അത്രേം വല്യ ഡയലോഗിനുള്ള തമിഴ് എന്റെ കയ്യിലില്ലാത്ത കാരണം ഞാന്‍ അത് വന്ത് .. എന്ന് പറഞ്ഞു ഒന്ന് ആലോചിച്ചു. ശവ സംസ്കാരം എന്നതിന് തമിഴില്‍ എന്താ പറയുക ..എനിക്കും അറിയില്ല. ആ കുട്ടിയാണെങ്കില്‍ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിപ്പാണ്. പിന്നേ.. ഇരിക്കുന്നത് കണ്ടാല്‍ തോന്നും ഇതൊഴികെ ബാക്കി എല്ലാത്തിനും ശരി ഉത്തരം എഴുതിയിട്ടുണ്ട് എന്ന്.

ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഞാന്‍ പറഞ്ഞു "എരന്തതുക്ക് അപ്പുറം" .മരിച്ചതിനു ശേഷം ഉള്ള ക്രിയ എന്ന് ഞാന്‍ ഉദ്ദേശിച്ചത് ആ കൊച്ചിന് മനസ്സിലായോ എന്നറിയില്ല. എന്തായാലും പിന്നെ ഒരു സംശയവും എന്നോട് ചോദിച്ചില്ല.